പുത്തന്‍ പാന

കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേര്‍ന്ന ഒരു ഗാനകാവ്യമാണ് പുത്തന്‍ പാന. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പതിപാദിച്ചിരിക്കുന്നു.

ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളില്‍ നിപുണനുമായ അര്‍ണ്ണോസ് പാതിരിയാണ് (Johann Ernst Hanxleden) പുത്തന്‍പാനയുടെ കര്‍ത്താവ്. ജര്‍മ്മന്‍കാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, വൈദികാര്‍ത്ഥിയായിരിക്കെ 1699-ല്‍ കേരളത്തിലെത്തി. വൈദികപട്ടം സ്വീകരിച്ചശേഷം ശിഷ്ടായുസ്സ് തൃശ്രൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂര്‍, പഴയൂര്‍, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം ചിലവഴിച്ചു. സംസ്കൃത പണ്ഡിതന്മാരുടെ സഹായത്തോടെ അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ച് പ്രാവീണ്യം നേടി.

ഈ കാവ്യത്തിന് പുത്തന്‍പാന എന്നു പേരു വിളിക്കാനുള്ള മുഖ്യ ഹേതു ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ട്. നാലാം നൂറ്റണ്ടില്‍ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന പ്രസിദ്ധമാണല്ലോ. അതിന്റെ ചുവടു പിടിച്ചാണ് പുത്തന്‍പാന രചിച്ചിട്ടുള്ളതെന്ന് അനുമാനിക്കാവുന്നതാണ്. അര്‍ണോസ് പാതിരി പുത്തന്‍പാന എഴുതിയതും ജ്ഞാനപ്പാനയുടെ രീതിയിലായിരുന്നു.

പുത്തന്‍പാനയുടെ ഏറ്റം പ്രധാന ഭാഗം 10,11,12 പാദങ്ങളായാണ് കരുതിപ്പോരുന്നത്. പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലവില്‍ നില്‍ക്കുന്നു. ശവസംസ്കാരത്തിന്റെ തലേരാത്രിയില്‍ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയില്‍ ഇപ്പോഴുമുണ്ട്.