മൂന്നാം മണിനേരത്തെ പ്രാര്‍ത്ഥന

ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി കൗമ

 


കോലോകള്‍


സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്നെ വിളിക്കുന്നവരായ ഞങ്ങളോടു നീ ഉത്തരമരുളിച്ചെയ്യണമെ. എന്തെന്നാല്‍ ഞങ്ങളെ സഹായിപ്പാന്‍ കഴിയുന്നവനായ പിതാവ് ഞങ്ങള്‍ക്കു വേറെയില്ല. തിരുവുള്ളത്താല്‍ ഇല്ലായ്‌മയില്‍നിന്ന് ഞങ്ങളെ നീ സൃഷ്ടിച്ചുണ്ടാക്കി. ഞങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ശേഷം ഇപ്പോള്‍ നിന്റെ കോപം ഞങ്ങളെ നശിപ്പിച്ചു കളയരുതേ. കര്‍ത്താവേ! നിന്റെ കല്പനകളെ ആചരിപ്പാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. പുണ്യപ്രവൃത്തികളാല്‍ ഞങ്ങള്‍ നിനക്ക് ഇഷ്ടരായി തീരുമാറാകണമെ. കര്‍ത്താവേ; നിന്റെ കൃപയാല്‍ ഞങ്ങളോടു കരുണചെയ്യണമെ. ബാറെക്‌മോര്‍.

ഞങ്ങള്‍ ഞങ്ങളുടെ പ്രവൃത്തികളും പാപങ്ങളും നിമിത്തം നിന്നില്‍നിന്ന് അകന്നുപോയിട്ടു പേരിനുമാത്രം നിനക്കുള്ളവരായി ഭവിച്ചിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ പരിതപിക്കുന്നു. അനുതപിപ്പാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. ഞങ്ങളുടെ അഹങ്കാരമനസ്സ് ഞങ്ങളെ സമ്മതിക്കുന്നില്ല. ഞങ്ങള്‍ മറ്റുള്ളവടെ പഠിപ്പിക്കുന്നു; തന്നത്താന്‍ പഠിക്കുന്നുമില്ല. ഞങ്ങള്‍ മറ്റുള്ളവരുടെ ദാഹം തീര്‍ത്തു; എങ്കിലും ഞങ്ങള്‍ ദാഹത്തില്‍ തന്നെ ഇരിക്കുന്നു. ചവളത്താല്‍ കുത്തിത്തുറക്കപ്പെട്ട നിന്റെ തിരുവിലാവിലെ ഉറവയില്‍നിന്ന് ഞങ്ങളെ കുടിപ്പിച്ച് ഞങ്ങളുടെ ദാഹം തീര്‍ക്കണമെ.
മൊറിയോ...


ബോവൂസൊ


ഞങ്ങളുടെ നാഥനായ കര്‍ത്താവേ! നിന്നെ ഞങ്ങള്‍ വിളിക്കുന്നു. ഞങ്ങളുടെ സഹായത്തിനു നീ വരണമേ. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളുടെ ആത്മാക്കളോടു കരുണ ചെയ്യണമേ.

കര്‍ത്താവേ! നിന്നോടുള്ള ചേര്‍ച്ചയില്‍നിന്നു ഞങ്ങള്‍ അകന്നുപോകാതിരിപ്പാന്‍ ആഗ്രഹിക്കുന്നു. പാപം ഞങ്ങളെ പുറത്താക്കി എങ്കിലും നിന്റെ ആര്‍ദ്രസ്നേഹം ഞങ്ങളെ അകത്തു കയറ്റണമെ. പാപം ഞങ്ങള്‍ക്കായി പതിയിരുന്നു ദയകൂടാതെ ഞങ്ങളെ വളടെ മുറിവേല്‍പ്പിച്ചിരിക്കുന്നു. മഹാവൈദ്യനായുള്ളവനേ! ഞങ്ങളെ വേദനപ്പെടുത്തുന്ന മുറിവുകളെ നീ സുഖപ്പെടുത്തണമെ.

ദുഷ്ടന്‍ ഞങ്ങള്‍ക്കു വലവച്ച് അവന്റെ കുടുക്കില്‍ ഞങ്ങളെ അകപ്പെടുത്തിയിരിക്കുന്നു. നീ അവന്റെ കുടുക്കിനെ പൊട്ടിച്ച് അപകടത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമെ. നല്ല ഇടയനായുള്ളവനേ! വഴിതെറ്റിപ്പോയ ആടിനെ അന്വേഷിച്ച് പുറപ്പെടണമേ. അതിന്റെ ജീവനെ അന്വേഷിക്കുന്ന ദുഷ്ടന്റെ കൈകളില്‍ അതിനെ വിട്ടുകൊടുക്കരുതെ.

സ്വര്‍ഗ്ഗത്തിലാക്കുവാനും നരകത്തിലിടുവാനും അധികാരമുള്ളവനായ മിശിഹാതമ്പുരാനേ! ദയവോടെ നരകത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.


ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി കൗമ