കുരിശിന്റെ വഴി (പഴയത്)

പ്രാരംഭഗാനംഈശോയേ ക്രൂശും താങ്ങി-
പോയ നിന്റെ അന്ത്യയാത്രയിതില്‍
കന്നിമേരി-യമ്മയോടും
ചേര്‍ന്നുനിന്നെയനുഗമിച്ചീടുന്നു ഞങ്ങള്‍

സ്വര്‍ഗ്ഗീയ-മാര്‍ഗ്ഗമിതില്‍
നീ ചൊരിഞ്ഞ രക്തത്തുള്ളികളാം
രത്നങ്ങളെ ശേഖരിക്കാന്‍
നീ തുണയ്ക്ക, നിനക്കവ കാഴ്ചവച്ചീടാം


പ്രാരംഭ പ്രാര്‍ത്ഥന


കാര്‍മ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ മിശിഹായേ, മനുഷ്യരുടെ പാപങ്ങള്‍ക്കു പരിഹാരമായി ഗാഗുല്‍ഠ്താമലയില്‍ അങ്ങു രക്തം ചിന്തിക്കൊണ്ടു സമര്‍പ്പിച്ച ദിവ്യബലിയില്‍ ആത്മനാ പങ്കുകൊള്ളുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശിരസ്സില്‍ മുള്‍മുടി ധരിച്ചും തോളില്‍ കുരിശു വഹിച്ചും അങ്ങു ഗാഗുല്‍ത്തായിലേക്കു പോയ ആ വഴിയില്‍ അങ്ങേ ദിവ്യമാതാവിനോടൊത്തു ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. മാനസികമായ അങ്ങയുടെ ക്ലേശങ്ങള്‍ക്കും, ശാരീരികമായ അങ്ങയുടെ പീഡാസഹനങ്ങള്‍ക്കും ഞങ്ങളുടെ പാപങ്ങളാണല്ലോ. കാരണം, കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങളെ ഓര്‍ത്തു ഞങ്ങള്‍ മനസ്തപിക്കുന്നു. ഇനിമേലില്‍ പാപം ചെയ്ത് അങ്ങയെ വേദനിപ്പിക്കുകയില്ല എന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അനുദിനജീവിതത്തിലെ ക്ലേശങ്ങളാകുന്ന കുരിശും വഹിച്ചുകൊണ്ട് അങ്ങയുടെ പിന്നാലെ വരുവാനും ജീവിതബലി പൂര്‍ത്തിയാക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.ഒന്നാം സ്ഥലം


ഈശോമിശിഹായെ മരണത്തിനു വിധിക്കുന്നു
പീലാത്തോസ് - അന്യായമായ്
ഈശോയേ കൊല്ലുവാനായ് വിധിച്ചു
നമ്മുടെ വന്‍ - പാപഗണം
കാരണമായിതിനെന്നു ധ്യാനിച്ചീടുക

ന്യായേശാ പാപികളാം
ഞങ്ങളെ നീ വിധിച്ചീടും നാളില്‍
നീതിപോലെ ചെയ്യരുതേ!
കാരുണ്യത്തോടെ ഞങ്ങളെ തൃക്കണ്‍പാര്‍ക്കണേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

സര്‍വ്വശക്തനായ കര്‍ത്താവേ, നിര്‍ദ്ദോഷിയായിരുന്നിട്ടും ഒരു പാതകിയെപ്പോലെ പീലാത്തോസിന്റെ മുമ്പില്‍ അവഹേളിതനായി നിറുത്തപ്പെട്ട അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ഞങ്ങളുടെ നിരവിധിയായ പാപങ്ങള്‍ നിമിത്തം ഇന്നും അങ്ങയെ ഞങ്ങള്‍ അവഹേളിക്കുകയും ഒറ്റിക്കൊടുക്കുകയും അന്യായമായി വിധിക്കുകയും ചെയ്യുന്നു. സഭയുടെ ശത്രുക്കള്‍ വിശ്രമരഹിതരായി അദ്ധ്വാനിക്കുമ്പോള്‍ ഞങ്ങള്‍ അലസരായി കഴിയുന്നു. കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കെതിരായി മറ്റുള്ളവര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ തിന്മകളെയും ക്ഷമാപൂര്‍വ്വം സഹിക്കുവാനും ഞങ്ങളുടെ പാപപരിഹാരത്തിനായി അവ വിനയപൂര്‍വ്വം കാഴ്ചവയ്ക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.രണ്ടാം സ്ഥലം


ഈശോമിശിഹാ കുരിശു വഹിക്കുന്നു
യൂദന്മാര്‍ - ഭാരമേറും
ക്രൂശുതന്റെ തിരുതോളിലേറ്റി
സോദരരെ താന്‍ ചുമക്കും
ക്രൂശു നമ്മള്‍ ചെയ്ത പാപഭാരമല്ലയോ

നാഥാ, ഈ ജീവിതത്തില്‍
ക്രൂശുകളാം ബഹുക്ലേശങ്ങളെ
മോദമോടെ - കൈക്കൊള്‍വാനും
സഹിക്കാനും ഞങ്ങളെ നീ ശക്തരാക്കണേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ഭൂലോകരക്ഷകനായ മിശിഹായേ, ഞങ്ങളുടെ പാപങ്ങള്‍ അങ്ങേക്കായി സജ്ജമാക്കിയ ഭാരമേറിയ കുരിശും വഹിച്ചുകൊണ്ടു സന്തോഷപൂര്‍വ്വം അങ്ങു ഗാഗുല്‍ത്താമലയിലേക്കു കയറിയല്ലോ. അങ്ങയുടെ ശിഷ്യന്മാരാല്‍പ്പോലും പരിത്യക്തനായി, ക്രൂരന്മാരായ ശത്രുക്കളുടെ മദ്ധ്യേ, അങ്ങു കുരിശു വഹിച്ചു കൊണ്ടു പോകുവാന്‍ കാരണമാക്കിയ ഞങ്ങളുടെ പാപങ്ങളെയും അവയുടെ സാഹചര്യങ്ങളെയും ഞങ്ങള്‍ വെറുക്കുന്നു. അവയെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുകയും മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതവും കുരിശുനിറഞ്ഞതായി തോന്നുമ്പോള്‍, ഭഗ്നാശരാകാതെ, അങ്ങയുടെ മാതൃകയെ പിഞ്ചെന്ന്, കുരിശുകളെ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും ജീവിതബലി പൂര്‍ത്തിയാക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.മൂന്നാം സ്ഥലം


ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഭാരത്താല്‍ - ക്ഷീണിച്ചുതാന്‍
പാറമേല്‍ കാല്‍തട്ടി വീഴുന്നയ്യോ
സ്നേഹിതരേ പാപങ്ങളില്‍
ആദ്യമായ് നാം വീണതിതില്‍ കാരണമല്ലോ

കര്‍ത്താവേ, നിന്‍ പ്രമാണ
ലംഘനത്താല്‍ ഞങ്ങള്‍ പാപച്ചേറ്റില്‍
വീഴാതെ ലോകവാസം
സ്വര്‍ഗ്ഗരാജ്യപ്രദമാക്കാന്‍ നീ സഹായിക്കകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ദിവ്യരക്ഷകനായ മിശിഹായേ, ശാരീരികമായ ക്ഷീണത്താലും കുരിശിന്റെ ഭാരത്താലും നിലത്തുവീണ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. നന്മ ചെയ്തു കൊണ്ടു സഞ്ചരിച്ച അങ്ങയെ നിര്‍ദ്ദയരായ ശത്രുക്കള്‍ മര്‍ദ്ദിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതു ഞങ്ങള്‍ കാണുന്നു. അങ്ങയുടെ നിരവധിയായ അനുഗ്രഹങ്ങള്‍ക്കു പാത്രീഭൂതരായവര്‍ തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന കാര്യം ഞങ്ങളെ ലജ്ജിപ്പിക്കുന്നു. ഇന്നു ഞങ്ങളുടെ പാപങ്ങള്‍ ഇത്തരത്തിലുള്ള പീഡകളും അവഹേളനങ്ങളുമാണ് അങ്ങയെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടുന്നു കുരിശുമായി ഒന്നാംവട്ടം നിലത്തുവീണതിന്റെ യോഗ്യതകളെക്കുറിച്ചു ഞങ്ങളുടെ പാപങ്ങള്‍ക്ക്, വിശിഷ്യാ വിചാരത്താല്‍ ഞങ്ങള്‍ ചെയ്തുപോയിട്ടുള്ള പാപങ്ങള്‍ക്ക്, മോചനം നല്‍കുകയും മേലില്‍ ആത്മീയമായ വീഴ്ചകള്‍ കൂടാതെ നിര്‍മ്മലരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.നാലാം സ്ഥലം


ഈശോമിശിഹാ തന്റെ തിരുമാതാവിന്റെ കാണുന്നു
കണ്ടാലും മാര്‍ഗ്ഗമദ്ധ്യേ
കന്നിമേരി അമ്മ തന്‍ സുതനെ
കാണുന്നിതാ എത്രമാത്രം
മാര്‍മ്മഭേദകമീ കൂടിക്കാഴ്ച! ഹാ! കഷ്ടം

മാതാവേ - കോമളന്‍ നിന്‍
പുത്രനിതാ തിരിച്ചറിഞ്ഞോ നീ
തന്നോടിത്ര നീചമായി
ചെയ്തവരീ ഞങ്ങളാണേ ക്ഷമിക്കണമേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

അവഹേളിതനായ ദിവ്യരക്ഷകാ, മുള്‍മുടി ശിരസ്സിലേന്തിയും ഭാരമേറിയ കുരിശു തോളില്‍ വഹിച്ചും അങ്ങു നടത്തിയ അന്തിമയാത്രയില്‍, അങ്ങു ദിവ്യമാതാവിനെ ദര്‍ശിച്ച രംഗം എത്രയോ വേദനാജനകം!! "ഒരു വാള്‍ നിന്റെ ഹൃദയത്തെ കീറിമുറിക്കും" എന്ന ശെമയോന്റെ പ്രവചനം പൂര്‍ത്തിയാകുവാന്‍ ഈ കാഴ്ചയും വ്യാകുലമാതാവിന് ആവശ്യമായിരുന്നു. മാതാവും പുത്രനും പരസ്പരം നോക്കി. അവരുടെ കണ്ണുകള്‍ നിറഞ്ഞു: ഹൃദയങ്ങള്‍ വിങ്ങിപ്പൊട്ടി; നിശബ്ദമായി സംസാരിച്ച ആ നിമിഷങ്ങള്‍ എത്രയോ സ്വര്‍ഗ്ഗീയം!!! കര്‍ത്താവേ, കണ്ണുകളുടെ തെറ്റായ ഉപയോഗം നിമിത്തം ഞങ്ങള്‍ ചെയ്തു പോയ നിരവധിയായ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എപ്പോഴും മറ്റുള്ളവരില്‍ അങ്ങയെ കാണുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.അഞ്ചാം സ്ഥലം


ഈലോമിശിഹായെ ശെമയോന്‍ സഹായിക്കുന്നു
ക്രൂശേവം താന്‍ ചുമന്നാല്‍
ജിവനോടെതന്നെ ക്രൂശിക്കുവാന്‍
സാദ്ധ്യമല്ല - എന്നോര്‍ത്തവര്‍
സ്ലീവാ ചുമക്കാന്‍ ശീമോനെ നിയോഗിക്കുന്നു.

ശീമോനെപ്പോലെ - ഞങ്ങള്‍
നിന്‍പുറകെ ക്രൂശുതാങ്ങിക്കൊണ്ടു
വന്നീടട്ടെ യേശുനാഥാ
ഭാഗ്യവാന്മാരായിടട്ടെ നിന്‍ കാരുണ്യത്താല്‍കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

പരിത്യക്തനായ ദിവ്യനാഥാ, ഭാരമേറിയ കുരിശും വഹിച്ചുകൊണ്ട് അങ്ങു നടത്തിയ വേദനനിറഞ്ഞ യാത്രാമദ്ധ്യേ അങ്ങയെ സഹായിക്കുവാന്‍ അവസരം ലഭിച്ച ശെമയോന്‍ അനുഗ്രഹീതനായല്ലോ. "എന്റെ ഭാരം ലഘുവും, എന്റെ നുകം മാധുര്യമുള്ളതുമാണെ"ന്ന് അരുളിച്ചെയ്തുകൊണ്ട് അങ്ങേക്കു സാക്ഷ്യം വഹിക്കുവാന്‍ ഞങ്ങളെ മാടിവിളിച്ചിട്ടുള്ള എത്രയോ അവസരങ്ങള്‍ ഞങ്ങള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞു! അങ്ങേ സഭയോടൊത്തു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ലഭിച്ചിട്ടുള്ള എത്രയെത്ര സന്ദര്‍ഭങ്ങള്‍ ഞങ്ങള്‍ പാഴാക്കിക്കളഞ്ഞു! ഞങ്ങളുടെ അലസതയെക്കുറിച്ചും ഉപേക്ഷകളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിക്കുന്നു. കര്‍ത്താവേ, പാവപ്പെറ്റവരിലും ദുഃഖിതരിലും അങ്ങയെ ദര്‍ശിക്കുവാനും ഇന്നുമുതല്‍ അവരുടെ ക്ലേശങ്ങള്‍ കഴിവനുസരിച്ചു ലഘൂകരിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.ആറാം സ്ഥലം


വേറോനിക്ക ഈശോമിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
സ്വര്‍ഗ്ഗീയദീപ്തി ചിന്തും-
സുന്ദരമാം മുഖം മ്ലാനമായി
ഭക്തയായ വേറോനിക്ക
സ്നേഹഭക്ത്യാ തുടയ്ക്കുന്നു തന്‍ തിരുമുഖം

പാപത്താല്‍ മ്ലാനമായ
ഞങ്ങളുടെ ദേഹീദേഹങ്ങളെ
ശുദ്ധിയാക്കി നിന്‍ മുഖത്തിന്‍
ഛായയെ നീ മുദ്രിതമാക്കണമവയില്‍കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

കരുണാനിധിയായ ദിവ്യനാഥാ, കഠിനഹൃദയരായ ശത്രുക്കളുടെയും ക്രൂരന്മാരായ പടയാളികളുടെയും നടുവില്‍ എല്ലാവരാലും പരിത്യക്തനായി കുരിശും വഹിച്ചുകൊണ്ട് അങ്ങു പൂര്‍ത്തിയാക്കിയ ക്ലേശം നിറഞ്ഞ യാത്രാമദ്ധ്യേ അങ്ങയെ ആശ്വസിപ്പിക്കാനെത്തിയ വെറോനിക്ക ഭാഗ്യവതിയായല്ലോ. അങ്ങയുടെ തിരുമുഖം തുടച്ച അവളുടെ തൂവാലയില്‍ അത്ഭുതകരമായി അങ്ങേ തിരുമുഖത്തിന്റെ ഛായ പതിക്കുവാന്‍ തിരുമനസ്സായ അങ്ങ് ഞങ്ങളുടെ ഹൃദയത്തിലും അങ്ങയുടെ പീഡാനുഭവത്തിന്റെ മുദ്രപതിക്കണമേ. ഞങ്ങളെ കാണുന്നവര്‍ അങ്ങയേയും കാണത്തക്കവിധം ഞങ്ങളില്‍ അങ്ങയുടെ ചൈതന്യം നിറയ്ക്കണമേ. ലോകത്തിന്റെ പരിഹാസങ്ങളെയും പീഡനങ്ങളെയും ഭയപ്പെടാതെ എല്ലാ സാഹചര്യങ്ങളിലും അങ്ങേക്കു സാക്ഷ്യം വഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.ഏഴാം സ്ഥലം


ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
വീണ്ടും താന്‍ - ക്രൂശിന്‍ കീഴായ്
വാടിത്തളര്‍ന്നിതാ വീഴുന്നയ്യോ!
ചന്തമേറും തന്‍ മുഖവും
കൈകാല്‍കളും - കല്ലില്‍ മുട്ടി പൊട്ടിക്കീറുന്നു

ഈശോയേ - വീണ്ടും ഞങ്ങള്‍
ചാവുദോഷത്തില്‍ വീണതിനാല്‍
അല്ലയോ നീ വീണതേവം
ഞങ്ങളെ നിന്‍ തൃക്കൈനീട്ടി രക്ഷിക്കണമേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

മനുഷ്യരുടെ പാപഭാരം മുഴുവന്‍ ചുമന്ന ദിവ്യരക്ഷകാ, ബലഹീനനായി രണ്ടാം വട്ടവും അങ്ങു നിലത്തുവീഴുവാന്‍ ഞങ്ങള്‍ ചെയ്ത പാപം കാരണമാണല്ലോ. ദിവ്യനാഥാ, ഞങ്ങള്‍ പാപം ചെയ്യുമ്പോഴെല്ലാം വീണ്ടും കുരിശോടുകൂടി അങ്ങയെ നിലംപതിപ്പിക്കുകയാണു ചെയ്യുന്നതെന്നു മനസ്സിലാക്കുവാനുള്ള വരം ഞങ്ങള്‍ക്കു നല്‍കണമേ. ജീവിത ക്ലേശങ്ങളുടെ ഭാരത്താലും പ്രലോഭനങ്ങളുടെ വശീകരണത്താലും തളര്‍ന്നുവീഴുകയും എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ലാതെ വലയുകയും ചെയുന്ന സന്ദര്‍ഭങ്ങളില്‍ കരുണാപൂര്‍വ്വം അങ്ങേ തൃക്കരം നീട്ടി ഞങ്ങളെ രക്ഷിക്കണമേ. അവിടുന്നു രണ്ടാം പ്രാവശ്യവും കുരിശുമായി നിലത്തുവീണതിന്റെ യോഗ്യതകളെക്കുറിച്ചു ഞങ്ങളുടെ പാപങ്ങള്‍, വിശിഷ്യാ സംസാരത്താല്‍ ഞങ്ങള്‍ ചെയ്തിട്ടുള്ള പാപങ്ങള്‍, ഞങ്ങളോടു ക്ഷമിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.എട്ടാം സ്ഥലം


ഈശോമിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
കര്‍ത്താവിന്‍ പീഡകളെ
കണ്ടതുമൂലം സഹതാപമോടെ
ഭക്തസ്ത്രീകള്‍ കേണിടുന്നു
ആശ്വസിപ്പിച്ചീടുന്നു താനവരെയേവം

ഓര്‍ശ്ലേമിന്‍ പുത്രികളെ
എന്നെ ഓര്‍ത്തു നിങ്ങള്‍ കേഴേണ്ടൊട്ടും
നിങ്ങളെയും നിങ്ങളുടെ
മക്കളെയും ഓര്‍ത്തു നിങ്ങള്‍ പ്രലപിക്കുവിന്‍കാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

കരയുന്നവരുടെ സങ്കേതവും ദുഃഖിതരുടെ ആശ്വാസവുമായ മിശിഹായേ, കുരിശു ചുമക്കുന്നവനായി അങ്ങയെ കണ്ടു വിലപിച്ച ജെറുസലേം നഗരിയിലെ ഭക്തസ്ത്രീകളെ അങ്ങു കരുണാപൂര്‍വ്വം ആശ്വസിപ്പിച്ചുവല്ലോ. "നിങ്ങളേയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു നിങ്ങള്‍ കരയുവിന്‍" എന്ന് അവരോട് അരുളിച്ചെയ്ത കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങളെ ഓര്‍ത്തു മനസ്തപിക്കാനുള്ള വരം ഞങ്ങള്‍ക്കു നല്‍കണമേ. ശത്രുക്കള്‍ അങ്ങേ മൗതിക ശരീരത്തെ മുറിപ്പെടുത്തുകയും അങ്ങയുടെ പ്രതിനിധികളെ പീഡിപ്പിക്കുകയും ചെയ്യുന്നതു നിമിത്തം വേദനിക്കുകയും വിലപിക്കുകയും ചെയ്യുന്ന അങ്ങയെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഈ ആഗ്രഹത്തെ ആശീര്‍വ്വദിച്ചു സഫലമാക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.ഒമ്പതാം സ്ഥലം


ഈശോമിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു
ദിവ്യാഭ - ചിന്തിടുന്ന
നിന്‍ മുഖാബ്‌ജംകുത്തി മൂന്നാമതും
വീഴുന്നീശോ - നീചര്‍യൂദര്‍ -
നാലുപാടും വലിക്കുന്നു ചവിട്ടുന്നയ്യോ

ചേറ്റിലൊരു റോസാപ്പൂപോല്‍
വീണുഴലും മമജീവനാഥാ,
ഘോരമായ നിത്യാഗ്നിയില്‍
വീണിടാതെ ഞങ്ങളെ നീ രക്ഷിക്കണമേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

പാപികളുടെ സങ്കേതമായ മിശിഹായേ, കുരിശിന്റെ ഭാരത്താലും ശാരീരികക്ഷീണത്താലും മൂന്നാം പ്രാവശ്യവും നിലത്തുവീണ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. പാപപരിഹാരാര്‍ത്ഥം അങ്ങ് സ്വയം അര്‍പ്പിച്ച ബലിയുടെ പൂര്‍ത്തീകരണത്തിനായി അവിടുന്നു വീണ്ടും എഴുന്നേല്‍ക്കുകയും തുടര്‍ന്നു കുരിശുചുമക്കുകയും ചെയ്തുവല്ലോ. ജീവിതക്ലേശങ്ങളാകുന്ന കുരിശുകളുടെ ഭാരത്താല്‍ വീണുപോകുന്ന ഞങ്ങളെ നിരാശയില്‍ നിപതിക്കാന്‍ ഇടവരാതെ കാത്തുകൊള്ളണമേ. മാനുഷികബലഹീനതകളാല്‍ പാപം ചെയ്യാനിടവരുമ്പോള്‍ മനസ്താപപ്രകരണത്തോടെ സ്വര്‍ഗ്ഗപിതാവിന്റെ പക്കലേക്കു പിന്തിരിയുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അവിടുന്നു മൂന്നാം പ്രാവശ്യവും കുരിശിനോടുകൂടി നിലത്തുവീണതിന്റെ യോഗ്യതകള്‍ പരിഗണിച്ച് എല്ലാ തഴക്കദോഷങ്ങളിലും നിന്നു ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.പത്താം സ്ഥലം


ഈശോമിശിഹായുടെ തിരുവസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെടുന്നു
ചെന്നായ്ക്കള്‍ - കുഞ്ഞാടിന്റെ
തോലുരിഞ്ഞു മാന്തിക്കീറുമ്പോലെ
രക്തം മൂലം - ദേഹത്തോട്
ഒട്ടിച്ചേര്‍ന്ന വസ്ത്രമവര്‍ ഉരിഞ്ഞീടുന്നു.

മാമ്മോദീസ കൈക്കൊണ്ടപ്പോള്‍
ഞങ്ങള്‍ക്കു നീ തന്ന വെള്ളവസ്ത്രം
ദൈവേഷ്ടമാം ദിവ്യവസ്ത്രം
നഷ്ടമാക്കീടായ്‌വാന്‍ ശക്തിനല്‍കേണം നാഥാകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായിത്തീര്‍ന്ന മിശിഹായേ, ഗാഗുല്‍ത്താമലയില്‍വച്ച് ക്രൂരസേവകന്മാര്‍ അങ്ങയുടെ തിരുവസ്ത്രങ്ങള്‍ ബലമായി ഉരിഞ്ഞെടുത്തുവല്ലോ. അങ്ങയെ നഗ്നനാക്കി അവഹേളിക്കുകയും, അവിടുത്തേക്കു കുടിക്കുവാന്‍ കയ്പ്പുള്ള പാനീയം നല്‍കുകയും ചെയ്തപ്പോള്‍ അവിടുന്നനുഭവിച്ച മാനസികവും ശാരീരികവുമായ വേദന എത്രയോ ദുസ്സഹമായിരുന്നു! അവയ്ക്കു കാരണമായ ഞങ്ങളുടെ പാപങ്ങളെ ഓര്‍ത്തു ഞങ്ങള്‍ മനസ്തപിക്കുന്നു. അടക്കത്തിനു യോജിക്കാത്ത വസ്ത്രധാരണത്താലും ഭക്ഷണപാനീയങ്ങളിലുള്ള ക്രമരഹിതമായ ആസക്തിയാലും മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന നിരവധിയായ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വിശുദ്ധിയുടെ നിര്‍മ്മല വസ്ത്രം ധരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.പതിനൊന്നാം സ്ഥലം


ഈശോമിശിഹാ കുരിശിന്മേല്‍ തറയ്ക്കപ്പെടുന്നു
സ്ലീവാമേല്‍ - താന്‍ കിടന്നു
യൂദര്‍ - കൈകാലുകളാണികളാല്‍
ക്രൂശില്‍ച്ചേര്‍ത്തു തറയ്ക്കുന്നു
പ്രാണവേദനയാലീശോ വിലപിക്കുന്നു

ചുറ്റികയിന്‍ - ശബ്ദവും താന്‍
ആര്‍ത്തനാദവും മുഴങ്ങുന്നിതാ
ഈശോയേ ഘാതകരാം
ഞങ്ങളെ നീ ശിക്ഷിക്കല്ലേ രക്ഷിക്കണമേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

സ്നേഹനിധിയായ ഈശോയേ, നന്മചെയ്തു കൊണ്ടു ചുറ്റിനടന്ന അങ്ങയുടെ തൃപ്പാദങ്ങളും, ആശീര്‍വ്വദിക്കുവാനുയര്‍ത്തിയ അങ്ങയുടെ തൃക്കരങ്ങളും ക്രൂരന്മാരായ പടയാളികള്‍ ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറച്ചുവല്ലോ. സന്തോഷപൂര്‍വ്വം അങ്ങു സഹിച്ച കഠോരമായ ആ വേദനകള്‍ക്കു ഞങ്ങള്‍ ചെയ്ത പാപങ്ങളല്ലയോ കാരണം. കര്‍ത്താവേ, ഞങ്ങളുടെ ശാരീരിക അവയവങ്ങളെയും ആന്തരേന്ദ്രിയങ്ങളേയും നിയന്ത്രിക്കുവാനും അവയെ ദൈവതിരുമനസ്സിന് അനുയോജ്യമായവിധം ഉപയോഗിക്കുവാനുമുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങള്‍ ചെയ്യുന്ന ഓരോ പാപവും അങ്ങയുടെ തിരുശരീരത്തില്‍ അടിച്ചുകയറ്റുന്ന ആണികളാണെന്നും ഹൃദയത്തില്‍ ഏല്പ്പിക്കുന്ന മുറിവുകളാണെന്നുമുള്ള അവബോധം ഞങ്ങളില്‍ വളര്‍ത്തുവാനും, മേലില്‍ പാപം ചെയ്യാതെ ജീവിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.പന്ത്രണ്ടാം സ്ഥലം


ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു
ക്രൂശിന്മേല്‍ ആണികളില്‍
നഗ്നനായി തൂങ്ങിമരിക്കുന്നീശോ
പ്രീശേന്മാരും - സംപ്രേന്മാരും
താഴെനിന്നു നിന്ദിച്ചുകൊണ്ടാനന്ദിക്കുന്നു

മാതാവും - യോഹന്നാനും
മഗ്ദലനയോടു ചേര്‍ന്നു നില്‍ക്കും
ക്രൂശിന്‍താഴെ പോയിനില്‍ക്കാം
തന്റെ രക്തം വീണു നാമും നിര്‍മ്മലരാകുംകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ഞങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ തൂങ്ങി മരിച്ച ദിവ്യരക്ഷകാ, മൂന്നു മണിക്കൂര്‍ നേരം കുരിശില്‍ കിടന്നുകൊണ്ടു ഞങ്ങള്‍ക്കുവേണ്ടി അങ്ങു സഹിച്ച അവര്‍ണ്ണനീയങ്ങളായ പീഡകളെ ഓര്‍ത്ത് അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കുവേണ്ടി സ്വര്‍ഗ്ഗപിതാവിനോടു പ്രാര്‍ത്ഥിക്കുകയും അവിടുത്തെ തൃക്കരങ്ങളില്‍ ആത്മാവിനെ സമര്‍പ്പിക്കുകയും ചെയ്ത അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ശത്രുക്കളോടു ക്ഷമിക്കുന്നതിനും ദൈവതിരുമനസ്സിനു കീഴ്വഴങ്ങിക്കൊണ്ട് ഏതൊരുവിധ മരണവും ഏതു സമയത്തും കൈവരിക്കുന്നതിനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ. ഇനിയും ഞങ്ങള്‍ ജീവിക്കുവാനാകുന്നു അങ്ങു തിരുമനസ്സാകുന്നതെങ്കില്‍ പാപവഴികളില്‍നിന്നകന്നു സ്വര്‍ഗ്ഗോന്മുഖരായി ജീവിക്കുവാനും അവസാനം അങ്ങയെ മുഖാഭിമുഖം കണ്ട് ആനന്ദിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.പതിമൂന്നാം സ്ഥലം


ഈശോമിശിഹായുടെ മൃതശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു
ചെന്താമര പുഷ്പമൊരു
വെണ്‍താമരപ്പൂവില്‍ ചേര്‍ത്തതുപോല്‍
തന്‍സുതന്റെ പൂമേനിയെ
അമ്മ മടിയില്‍ കിടത്തി ചുംബിക്കുന്നിതാ

മാതാവേ മൃത്യുവിങ്കല്‍
നിന്‍പുത്രര്‍ ഞങ്ങളെ നിന്മടിയില്‍
ചേര്‍ക്കുവാനും ഞങ്ങളുടെ
ആത്മാക്കളെ കൈക്കൊള്‍വാനും വന്നീടണമേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രന്റെ മൃതശരീരം മടിയില്‍ കിടത്തിയപ്പോള്‍ അങ്ങയുടെ ഹൃദയം വ്യാകുലവാളാല്‍ പിളര്‍ന്നുപോയല്ലോ! ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന്റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്കു മാതാവായിത്തന്ന മിശിഹായേ ഞങ്ങല്‍ സ്തുതിക്കുന്നു. "ഇതാ കര്‍ത്താവിന്റെ ദാസി" എന്നു പറഞ്ഞുകൊണ്ട് ദൈവമാതൃത്വം സ്വീകരിച്ച സമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ട് മനുഷ്യരക്ഷാകര്‍മ്മത്തില്‍ തന്റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ, അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവതിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകോണ്ട് എല്ലായിടത്തും അങ്ങേ തിരുക്കുമാരനു സാക്ഷ്യം വഹിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു നല്‍കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.പതിനാലാം സ്ഥലം


ഈശോമിശിഹായുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു
നാഥന്റെ! ദിവ്യദേഹം
സംസ്കരിച്ചീടുന്നു ശിഷ്യരിതാ
പാപത്തില്‍ നാം ആത്മാവിനെ
താഴ്ത്തിയതല്ലയോ ഇതിന്‍ കാരണമോര്‍പ്പിന്‍

ഈശോയേ - നിന്‍ കല്ലറ
ഭക്തിയോടെ മുത്തും ഞങ്ങളുടെ
ആത്മാക്കളെ മൃത്യുവിങ്കല്‍
നിന്റെ ദിവ്യഹൃദയത്തില്‍ സംസ്ക്കരിക്കണേകാര്‍മ്മി: ഈശോമിശിഹായേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു കുമ്പിട്ട്, അങ്ങേക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍, അങ്ങേ വിശുദ്ധ കുരിശാല്‍, അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു.

മരണംവഴി മരണത്തെ ജയിച്ചടക്കിയ ലോകരക്ഷകാ, അനന്തമായ പീഡകള്‍ സഹിച്ചുകൊണ്ടു മനുഷ്യരക്ഷാകര്‍മ്മം പൂര്‍ത്തിയാക്കിയ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പീഡാസഹനങ്ങള്‍ക്കും മരണത്തിനും കാരണമായ ഞങ്ങളുടെ പാപങ്ങളെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുന്നു. അവയേയും അവയുടെ സാഹചര്യങ്ങളെയും ഞങ്ങള്‍ വെറുക്കുന്നു. ഇനിമേലില്‍ പാപം ചെയ്യുകയില്ലെന്നു ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ പ്രതിജ്ഞകളെ സഫലമാക്കണമേ. "അങ്ങയോടുകൂടി മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നു" വിശ്വസിക്കുന്ന ഞങ്ങള്‍ക്ക്, അങ്ങയുടെ പീഡാനുഭവത്തെ ഓര്‍ത്തു ധ്യാനിച്ചുകൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാനും, ഭാഗ്യമരണം പ്രാപിച്ചു നിത്യാനന്ദം അനുഭവിക്കുവാനുമുള്ള അനുഗ്രഹം നല്‍കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ

കാര്‍മ്മി: കര്‍ത്താവേ, അനുഗ്രഹിക്കണമേ.
സമൂഹം: പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.


കുരിശുരൂപത്തിനു മുമ്പാകെമാതാവേ - ഞങ്ങള്‍ ചെയ്ത
പുണ്യയാത്രയിതില്‍ വന്നുപോയ
തെറ്റുകളെ - നീക്കിയത്
നിന്റെ പുത്രനിഷ്ടമുള്ളതാക്കിത്തീര്‍ക്കണേ

സ്വര്‍ഗ്ഗീയതാതാ നിന്റെ
ജാതന്‍ ക്രൂശില്‍ സ്വര്‍ഗ്ഗമേറിയപോല്‍
ഞങ്ങളുമീ ക്രൂശുവഴി
സ്വര്‍ഗ്ഗേവാഴും നിന്‍ തൃപ്പാദം ചേരാന്‍ തുണയ്ക്കൂ.


 


സമാപന പ്രാര്‍ത്ഥന


സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേ തിരുക്കുമാരന്റെ പീഡാനുഭവവും കുരിശു മരണവും ഉത്ഥാനവും വഴി മനുഷ്യവര്‍ഗ്ഗത്തെ അങ്ങു വീണ്ടും സ്വര്‍ഗ്ഗത്തിനര്‍ഹമാക്കിയതിന് അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ക്കുവേണ്ടി മരിച്ച അങ്ങേ പുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങലുടേയും ലോകം മുഴുവന്റെയും പാപങ്ങള്‍ കരുണാപൂര്‍വ്വം ക്ഷമിക്കണമേ. അവഹേളനത്തിന്റെ ചിന്നമായിരുന്ന കുരിശിനെ രക്ഷയുടെ അടയാലമാക്കി ഉയര്‍ത്തിയ മിശിഹായുടെ പീഡാനുഭവങ്ങളെ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍ ആ കുരിശില്‍ അഭിമാനം കൊള്ളുവാനും ലോകം മുഴുവന്റും അതില്‍ രക്ഷകണ്ടെത്തുവാനും ഇടവരുത്ത്ണമേ. ഈ കുരിശിന്റെ വഴിയില്‍ സംബന്ധിച്ച ഞങ്ങലെ എല്ലാവരെയും ആത്മീകവും ശാരീരികവുമായ ദാനങ്ങള്‍ നല്‍കി അനുഗ്രഹിക്കണമേ. തന്റെ ഏകജാതനെ ഞങ്ങള്‍ക്കു നല്‍കിയ പിതാവിനു സ്തുതിയും, കുരിശുമരണത്താല്‍ ഞങ്ങലെ രക്ഷിച്ച പുത്രന് ആരാധനയും, പരിത്രാണ കൃത്യം പൂര്‍ത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും + എന്നേക്കും.


(കാര്‍മ്മികന്‍ കുരിശുരൂപം കൊണ്ട് ജനങ്ങളെ ആശീര്‍വ്വദിക്കുന്നു)പരിശുദ്ധപിതാവിന്റെ നിയോഗാര്‍ത്ഥം 1. സര്‍ഗ്ഗ 1. നന്മ 1.ത്രിത്വ

മനസ്താപ പ്രകരണം