ശുദ്ധിമതിയായ മാതാവേ! ഞങ്ങള്‍ക്കുവേണ്ടിയുള്ള അപേക്ഷയെ നീ മുടക്കരുതേ. നിന്റെ ഏകപുത്രന്‍ ഞങ്ങളെല്ലാവരോടും കൃപചെയ്‌വാനായിട്ട് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.
ബാറെക്‌മോര്‍
സകലത്തിന്റെയും കര്‍ത്താവേ! നിന്നെ സ്നേഹിച്ചവരായ നിബിയന്‍മാരുടെയും നിന്റെ സുവിശേഷം പ്രസംഗിച്ചവരായ ശ്ലീഹന്‍മാരുടെയും പ്രാര്‍ത്ഥനകളാലും അപേക്ഷകളാലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്റെ നിരപ്പും സമാധാനവും വസിപ്പിക്കണമെ.
മെനഓലം...
കര്‍ത്താവേ! രണ്ടു ലോകങ്ങളും നിന്റെ അധികാരത്തില്‍ ഇരിക്കുന്നു. ജീവനോടിരിക്കുന്നവരെ നിന്റെ സ്ലീബായാല്‍ കാത്തുകൊള്ളണമെ. നിന്റെ ശരണത്തിന്‍മേല്‍ മരിച്ചുപോയവര്‍ക്കു നിന്റെ കരുണയാല്‍ പാപപ്പരിഹാരം കൊടുക്കുകയും ചെയ്യണമെ.
മൊറിയോ...
കര്‍ത്താവേ! നിന്റെ മാതാവിന്റെയും സകല പരിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയാല്‍ ഞങ്ങളെയും ഞങ്ങളുടെ മരിച്ചുപോയവരെയും പുണ്യപ്പെടുത്തണമെ.
കന്യകമറിയാമിനെക്കുറിച്ചുള്ള ഓര്‍മ്മ ഞങ്ങള്‍ക്കു വാഴ്‌വായിരിക്കണമെ. അവളുടെ പ്രാര്‍ത്ഥന ഞങ്ങളുടെ ആത്മാക്കള്‍ക്കു കോട്ടയും ആയിരിക്കണമെ.
നിബിയന്‍മാരും ശ്ലീഹന്‍മാരും സഹദേന്‍മാരും പരിശുദ്ധന്‍മാരും ആയുള്ളവരേ! ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കരുണയ്‌ക്കായി നിങ്ങള്‍ അപേക്ഷിച്ചു പ്രാര്‍ത്ഥിക്കണമെ.
കര്‍ത്താവേ! നിന്റെ ശരണത്തിന്‍മേല്‍ നിദ്രപ്രാപിച്ചിരിക്കുന്നവരായ ഞങ്ങളുടെ പിതാക്കന്‍മാരുടെയും സഹോദരങ്ങളുടെയും മുഖത്ത് ആനന്ദമാകുന്ന പനിനീര്‍ നീ തളിക്കണമെ.
കര്‍ത്താവേ! നിന്റെ മാതാവിന്റെയും സകല പരിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയാല്‍ ഞങ്ങളെയും ഞങ്ങളുടെ മരിച്ചുപോയവരെയും പുണ്യപ്പെടുത്തണമെ.
നിന്നെ പ്രസവിച്ച മാതാവിന്റെയും നിന്റെ പരിശുദ്ധന്‍മാരെല്ലാവരുടെയും പ്രാര്‍ത്ഥനയാല്‍ :
സ്വഭാവപ്രകാരം മരണമില്ലാത്തവനും തന്റെ കൃപയാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്റെയും ജീവനും രക്ഷയ്‌ക്കും വേണ്ടി വന്ന് വിശുദ്ധിയും മഹത്വവും വെടിപ്പുമുള്ള ദൈവമാതാവായ കന്യകമറിയാമില്‍നിന്ന് ഭേദംകൂടാതെ മനുഷ്യനായിത്തീരുകയും ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ തറയ്‌ക്കപ്പെടുകയും ചെയ്‌തവനായി സ്വര്‍ഗ്ഗീയപിതാവിന്റെ ഏകപുത്രനും വചനവുമായിരിക്കുന്ന രാജാവായ എന്റെ കര്‍ത്താവേ! നിന്നെ ഞാന്‍ പുകഴ്‌ത്തും.
തന്റെ മരണത്താല്‍ ഞങ്ങളുടെ മരണത്തെ ചവിട്ടിക്കൊന്നവനും വിശുദ്ധ ത്രിത്വത്തില്‍ ഏകനും തന്റെ പിതാവിനോടും ജീവനുള്ള തന്റെ വിശുദ്ധറൂഹായോടും കൂടെ ഒന്നുപോലെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനുമായ ഞങ്ങളുടെ മിശിഹാതമ്പുരാനേ! ഞങ്ങളെല്ലാവരോടും കൃപ ചെയ്യണമെ.