നിത്യ പ്രാര്‍ത്ഥനക്രമം

(ശ്ഹീമൊ നമസ്‌ക്കാരം)

(ഏഴുനേരത്തെ പ്രാര്‍ത്ഥന രണ്ടുനേരമായി നടത്തുമ്പോള്‍ സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കു മുമ്പായി ഒമ്പതാംമണിനേരത്തെ പ്രാര്‍ത്ഥന ആരംഭിക്കേണ്ടതാകുന്നു.)


കുരിശുവരയ്‌ക്കുന്നതിന്റെ സാരാംശം


നമ്മുടെ രക്ഷിതാവായ മിശിഹാതമ്പുരാന്‍ നമ്മുടെ രക്ഷയ്‌ക്കായിട്ട് സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലേക്ക് ഇറങ്ങിയതിനെ ഉദ്ദേശിച്ചു നെറ്റിയിനിന്ന് നെഞ്ചിലേക്കും പാപം മൂലം ഇടത്തേതിലായിരുന്ന നമ്മെ രക്ഷകന്റെ കുരിശുമരണം മൂലം വലത്തുഭാഗത്തെ മക്കളാക്കിത്തീര്‍ത്തതിനെ ഉദ്ദേശിച്ച് ഇടത്തേ തോളില്‍നിന്നു വലത്തേ തോളിലേക്കും കുരിശ് വരയ്‌ക്കുന്നു.


സുറിയാനിക്രമമനുസരിച്ച് രാവും പകലും കൂടിയ ഒരു ദിവസത്തിന് ഏഴുനേരത്തെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. എങ്കിലും, ഏഴുനേരവും വെവ്വേറെ പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവര്‍ക്കും സൗകര്യപ്പെടുകയില്ലെന്നുള്ളതുകൊണ്ട് സാധാരണ ദിവസങ്ങളില്‍ രണ്ടു നേരമായിട്ടും, മൂന്നുനോമ്പിലും വലിയനോമ്പിലും മൂന്നുനേരമായിട്ടും ഏഴുനേരത്തെ പ്രാര്‍ത്ഥനകള്‍ നടത്തണമെന്നാണ് ഏര്‍പ്പാട്.

ഏഴുനേരമായിട്ട് കഴിക്കുന്ന പ്രാര്‍ത്ഥനകള്‍ ദശേന്ദ്രിയങ്ങളെ ഉദ്ദേശിച്ച് പത്താകുന്നു. ഏഴുനേരമായിട്ട് നടത്തുവാന്‍ കല്‍പ്പിച്ചിട്ടുള്ള പത്തു പ്രാര്‍ത്ഥനകളില്‍ ഒന്നെങ്കിലും കുറച്ചാല്‍ അതു കുറ്റകരവും, ദശേന്ദ്രിയങ്ങളില്‍ ഒന്നിന്റെ വിശുദ്ധിയ്ക്ക് കുറവും ആയിരിക്കും.

ഏഴുനേരവും പ്രത്യേകം പ്രത്യേകമായി പ്രാര്‍ത്ഥന നടത്തുമ്പോള്‍ എല്ലാ നേരത്തെ പ്രാര്‍ത്ഥനയ്‌ക്കും ആരംഭവും കൗമായും ഒടുവില്‍ വിശ്വാസപ്രമാണവും അന്ത്യവും ചൊല്ലേണ്ടതാകുന്നു.

രണ്ടുനേരമായി കഴിക്കുമ്പോള്‍ പാതിരാത്രിയുടെയും പ്രഭാതത്തിന്റെയും മൂന്നാംമണിയുടെയും ആറാംമണിയുടെയും പ്രാര്‍ത്ഥനകള്‍ ഒരുമിച്ചു കാലത്തെ നടത്തേണ്ടതും, അപ്പോള്‍ ആരംഭം രാത്രിപ്രാര്‍ത്ഥനയുടെ ആദിയില്‍ മാത്രവും, വിശ്വാസപ്രമാണവും അന്ത്യവും ആറാംമണി സമയത്തെ പ്രാര്‍ത്ഥനയുടെ ഒടുവില്‍ മാത്രവും ചൊല്ലേണ്ടതും, വൈകുന്നേരം ഒമ്പതാം മണിയുടെയും സന്ധ്യയുടെയും സുത്താറായുടെയും പ്രാര്‍ത്ഥനകള്‍ ഒരുമിച്ച് നടത്തേണ്ടതും, അപ്പോള്‍ ആരംഭം ഒമ്പതാംമണി നേരത്തെ പ്രാര്‍ത്ഥനയുടെ ആദിയിലും, വിശ്വാസപ്രമാണവും അന്ത്യവും സുത്താറാപ്രാര്‍ത്ഥനയുടെ ഒടുവിലും ചൊല്ലേണ്ടതും ആകുന്നു. സുത്താറാ പ്രാര്‍ത്ഥന സന്ധ്യയ്ക്കു നടത്തിയാലും ഉറക്കസമയത്തു പ്രത്യേകം നടത്തുന്നവരുമുണ്ട്.

ഏഴുനേരത്തെ പ്രാര്‍ത്ഥന മൂന്നു നേരമായി പ്രാര്‍ത്ഥിക്കുമ്പോള്‍ രാത്രിയുടെയും പ്രഭാതത്തിന്റെയും മൂന്നാംമണിയുടെയും പ്രാര്‍ത്ഥനകള്‍ കാലത്തും, ആറാംമണിയുടെയും ഒമ്പതാംമണിയുടെയും സന്ധ്യയുടെയും പ്രാര്‍ത്ഥനകള്‍ ഉച്ചയ്‌ക്കും, സുത്താറായുടെ പ്രാര്‍ത്ഥന സന്ധ്യയ്‌ക്കും നടത്തേണ്ടതും, അപ്പോള്‍ കാലത്തെ പ്രാര്‍ത്ഥനയില്‍ ആരംഭം രാത്രിപ്രാര്‍ത്ഥനയുടെ ആദിയിലും, വിശ്വാസപ്രമാണവും അന്ത്യവും മൂന്നാം മണിനേരത്തെ പ്രാര്‍ത്ഥനയുടെ ഒടുവിലും, ഉച്ചയ്‌ക്ക് ആരംഭം ആറാം മണിസമയത്തെ പ്രാര്‍ത്ഥനയുടെ ആദിയിലും മാര്‍ സേവേറിയോസ് പാത്രിയാര്‍ക്കിസിന്റെ മാനീസായും വിശ്വാസപ്രമാണവും അന്ത്യവും സന്ധ്യാപ്രാര്‍ത്ഥനയുടെ ഒടുവിലും ചൊല്ലേണ്ടതും മൂന്നു നോമ്പിലും വലിയ നോമ്പിലും ഉച്ചയ്‌ക്ക് വിശ്വാസപ്രമാണം ചൊല്ലിയ ശേഷം 'കുറിയേലായിസോന്‍, മോറാന്‍എസ്രാഹാമെലൈന്‍ മോറാന്‍ ഹുസുറാഹേമേലൈന്‍, മോറാന്‍ അനീനുറാഹേമേലൈന്‍' എന്നിവകള്‍ ഓരോന്നും പതുപത്തു പ്രാവശ്യം ചൊല്ലിക്കൊണ്ട് നാല്‍പ്പതു കുമ്പിടേണ്ടതും ആകുന്നു. നോമ്പില്‍ തന്നെയും കുര്‍ബാന കാണേണ്ടിയ ദിവസങ്ങളില്‍ മാര്‍ സേവേറിയോസ് പാത്രിയാര്‍ക്കിസിന്റെ മാനീസാ നമസ്കാരത്തിന്റെ ഒടുവില്‍ ഉപയോഗിക്കണമെന്നില്ല.

പ്രാര്‍ത്ഥനയില്‍ പട്ടക്കാര്‍ കൂടി പങ്കെടുക്കുന്ന പക്ഷം പട്ടക്കാരന്‍ ശൂബഹോലാബൊ എന്നതും മറ്റുള്ളവര്‍ മെനഓലം എന്നതും അതാതു സ്ഥാനത്ത് ചൊല്ലേണ്ടതും അതു പരിചയത്താല്‍ ശീലിക്കേണ്ടതും പട്ടക്കാരന്‍ ഒടുവില്‍ ബസ്‌മെല്‍ക്കൊ, ഹൂത്തോമൊ മുതലായവ പള്ളിയില്‍ ചൊല്ലുന്നതുപോലെ ചൊല്ലി അവസാനിപ്പിക്കേണ്ടതും ഹൂത്തോമൊ സമയത്ത് എല്ലാവരും പട്ടക്കാരന്റെ കൈ മുത്തേണ്ടതും ആകുന്നു. കൂട്ടമായി നമസ്കരിക്കുമ്പോള്‍ രണ്ടുഭാഗമായി നിന്നുകൊണ്ട് പ്രത്യേകം ഖണ്ഡികയായി തിരിച്ചിട്ടുള്ള ഓരോ നിറുത്ത് ഓരോ ഭാഗക്കാര്‍ ചൊല്ലേണ്ടിയിരിക്കുന്നു. നമസ്കാരങ്ങളുടെ അവസാനത്തില്‍ പട്ടക്കാരന്‍ ഇല്ലാത്തപ്പോള്‍ വിശുദ്ധ വേദപുസ്തകമോ, വിശുദ്ധ ശ്ലീബായോ, നമസ്കാര പുസ്തകമോ മുത്തുകയും പുരുഷന്മാര്‍ അവര്‍ തമ്മിലും സ്ത്രീകള്‍ അവര്‍ തമ്മിലും ഹസ്തൂരി വാങ്ങുകയും ചെയ്യേണ്ടത് മുറയാകുന്നു.

എക്ക്ബൊ, കോലോകള്‍, ബോവൂസ്സൊ, എനിയോനൊ, മാനീസ്സൊ എന്നിവയെല്ലാം ഓരോതരം പ്രാര്‍ത്ഥനകളുടെ പേരുകള്‍ മാത്രമാകുന്നു. ഇവ പേരുകള്‍ മാത്രമാകകൊണ്ട് പ്രാര്‍ത്ഥനയില്‍ ചേര്‍ത്തു ചൊല്ലേണ്ടതാണെന്ന് വിചാരിക്കുകയോ ചൊല്ലുകയോ ചെയ്യരുത്. പൊതുവേ ഉപയോഗിക്കപ്പെടുന്ന ചില പദങ്ങളുടെ അര്‍ത്ഥം ചുവടെ ചേര്‍ക്കുന്നു:























































ബാറെക്‌മോര്‍-എന്റെ കര്‍ത്താവേ! വാഴ്‌ത്തണമേ / എന്റെ പിതാവേ! അനുവദിക്കണമേ
ആമ്മീന്‍-സത്യം / അങ്ങിനെ തന്നെ
ഹാലേലുയ്യാ-ദൈവത്തിനു സ്തുതി
മൊറിയോറാഹേമേലൈനുആദറൈന്‍-കര്‍ത്താവേ! ഞങ്ങളോടു കരുണചെയ്തു ഞങ്ങളെ സഹായിക്കണമേ
മെനഓലം വാദാമൊല്‌ഓലം ഒല്‍മ്മീനാമ്മീന്‍-ആദിമുതല്‍ എന്നന്നേയ്‌ക്കും
ആലോഹന്‍ റാഹേമേലൈന്‍-ഞങ്ങളുടെ ദൈവമേ, ഞങ്ങളോടു കരുണചെയ്യണമേ
സ്‌തൗമെന്‍കാലോസ്-നാം നല്ലവണ്ണം നിന്ന് പ്രാര്‍ത്ഥിക്കണം
കുറിയേലായിസ്സോന്‍-കര്‍ത്താവേ! കൃപ ചെയ്യണമേ
മോറാന്‍ഹുസ്സുറാഹേമേലൈന്‍-കര്‍ത്താവേ! കൃപയോടെ ഞങ്ങളോടു കരുണചെയ്യണമേ
മോറാന്‍അനിനൂറാഹേമേലൈന്‍-കര്‍ത്താവേ! ഉത്തരമരുളി ചെയ്‌ത് ഞങ്ങളോടു കരുണചെയ്യണമേ