വ്യര്‍ത്ഥാശയും അഹങ്കാരവും

മനുഷ്യനെയോ മറ്റു സൃഷ്ടികളെയോ ശരണീകരിക്കുന്ന മനുഷ്യന്‍ ഭോഷനാണ്.
ഈശോമിശിഹായോടുള്ള സ്നേഹത്തെപ്രതി അന്യര്‍ക്കു ശുശ്രൂഷ ചെയ്യാനും ഈ ലോകത്തില്‍ ദരിദ്രനെപ്പോലെ ആയിരിക്കുവാനും നീ ലജ്ജിക്കരുത്.
നിന്നില്‍ത്തന്നെ നീ ആശ്രയിക്കരുത്; പ്രത്യുത ദൈവത്തില്‍ നീ ശരണപ്പെട്ടുകൊള്ളുക.
നിനക്കു കഴിയുന്നതു ചെയ്യുക; ദൈവം നിന്റെ നന്മനസ്സിനെ സഹായിക്കും.



എളിമയുള്ളവരെ സഹായിക്കയും അഹങ്കാരികളെ താഴ്ത്തുകയും ചെയ്യുന്ന ദൈവത്തിന്റെ കൃപയല്ലാതെ നിന്റെ വിജ്ഞാനത്തെയോ വല്ലൊരു മനുഷ്യന്റെ കൗശലത്തെയോ നീ ആശ്രയിക്കരുത്.

നിനക്കു സമ്പത്തുണ്ടെങ്കില്‍ അതിനെക്കുറിച്ചും നിനക്കു സ്നേഹിതന്മാരുണ്ടെങ്കില്‍ അവര്‍ പ്രബലന്മാരാണ് എന്നതിനെക്കുറിച്ചും നീ അഭിമാനിക്കരുത്. സമസ്തവും തരുന്നവനും സവ്വോപരി തന്നെത്തന്നേ തരുന്നതിനാഗ്രഹിക്കുന്നവനുമായ ദൈവത്തില്‍ അഭിമാനിച്ചുകൊള്ളുക.
നിന്റെ ശരീരത്തിന്റെ വലിപ്പത്തെക്കുറിച്ചോ അല്പമായ രോഗത്താല്‍ ക്ഷയിച്ചു വിരൂപമാക്കുന്ന ശരീരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചോ നീ വന്‍പു പറയരുത്.
നിന്റെ യുക്തിസാമര്‍ത്ഥ്യത്തെയോ ബുദ്ധിശക്തിയെയോകുറിച്ച് അഹങ്കരിക്കരുത്. അഹങ്കരിച്ചാല്‍ നിനക്കു പ്രകൃത്യാ ഉള്ള സകല നന്മകളുടെയും ദാതാവായ ദൈവത്തിനു നീ അപ്രീതിയുണ്ടാക്കും.

നീ മറ്റുള്ളവരെക്കാള്‍ നല്ലവനാണെന്നു വിചാരിക്കരുത്. മനുഷ്യനില്‍ എന്തുണ്ടെന്നറിയുന്ന ദൈവത്തിന്റെ സന്നിധിയില്‍ ഒരു പക്ഷേ നീ ഏറ്റവും മോശക്കാരനായിത്തീര്‍ന്നേക്കാം.
നല്ല പ്രവൃത്തികളെപ്പറ്റി അഹങ്കരിക്കണ്ടാ; എന്തെന്നാല്‍ ദൈവത്തിന്റെ ന്യായവിധികള്‍ മനുഷ്യരുടേതില്‍ നിന്നു വ്യത്യാസമുള്ളവയാകുന്നു. മനുഷ്യര്‍ക്കിഷ്ടമായതു പലപ്പോഴും തനിക്കിഷ്ടമാകുന്നില്ല.
നിനക്കു വല്ല നന്മയുമുണ്ടെങ്കില്‍ അതു മറ്റുള്ളവര്‍ക്കു നിന്നെക്കാള്‍ അധികമുണ്ടെന്നു വിശ്വസിച്ചുകൊള്ളുക. അങ്ങനെ നിനക്കു വിനയശീലം പരിപാലിക്കാം.
നിന്നെ എല്ലാവരുടെയും കീഴാക്കുന്നതു കൊണ്ടു യാതൊരു ദോഷവുമില്ല. എന്നാല്‍ നീ ആരെയെങ്കിലുംകാള്‍ യോഗ്യനാണെന്നു പരിഗണിച്ചാല്‍ അതു വളരെ ദോഷകരമാണ്.
എളിമയുള്ളവനു നിരന്തരമായ സമാധാനം അനുഭവപ്പെടും. അഹങ്കാരിയുടെ ഹൃദയത്തിലാകട്ടെ അസൂയയും ഇടവിടാതുള്ള കോപവും കുടികൊള്ളുന്നു.


 


 


- മിശിഹാനുകരണം, ഒന്നാം പുസ്തകം അധ്യായം 7-ല്‍ നിന്ന് അടര്‍ത്തിയെടുത്ത ഏതാനും വചനങ്ങള്‍