നമ്മുടെ സമാധാനം മനുഷ്യരില്‍ നിക്ഷിപ്തമാകരുത്

മിശിഹാ- മകനേ, നിന്റെ സ്വന്തം തൃപ്തിക്കും ഒരു മനുഷ്യനോടു സഹവസിക്കുന്നതിനും വേണ്ടി നിന്റെ സമാധാനം അവനില്‍ ആശ്രയിച്ചിരിക്കാന്‍ സമ്മതിച്ചാല്‍ നീ സങ്കടം അനുഭവിക്കയും കുഴങ്ങുകയും ചെയ്യും.
പ്രത്യുത എപ്പോഴും ജീവിക്കുന്നതും എന്നേയ്ക്കും നിലനില്‍ ക്കുന്നതുമായ സത്യത്തെ ആശ്രയിച്ചിരുന്നാല്‍ ഒരു സ്നേഹിതന്‍ നിന്നെ ഉപേക്ഷിക്കയോ മരിച്ചുപോകയോ ചെയ്താല്‍ നീ അത്ര അധികം ദുഃഖിക്കയില്ല.



സ്നേഹിതന്റെ നേരെയുള്ള സ്നേഹം എന്നില്‍ നില്‍ ക്കേണ്ടതാണ്. നല്ലവനെന്നും ഈ ജീവിതത്തില്‍ വളരെ സ്നേഹമുള്ളവനെന്നും നിനക്കു തോന്നുന്ന ആരെയും എന്നെപ്രതി മാത്രം സ്നേഹിക്കുക.
എന്നെക്കൂടാതെയുള്ള സ്നേഹം ബലമുള്ളതായിരിക്കയില്ല . അതു ഒട്ടു നിലനില്‍ ക്കയുമില്ല; ഞാന്‍ സംയോജിപ്പിക്കാത്ത സ്നേഹം യഥാര്‍ത്ഥവും നിര്‍മ്മലവുമായിരിക്കയില്ല.
നിന്നെ സംബദ്ധിച്ചിടത്തോളം യാതൊരു മനുഷ്യന്റെ സഹവാസത്തെയും ആഗ്രഹിക്കാതിരിക്കാത്തക്കവണ്ണം സ്നേഹിക്കുന്ന ആളുകളോടു നീ അത്ര ആസക്തിയില്ലാത്തവനായിരിക്കണം.
ഒരു മനുഷ്യന്‍ ലൗകികാശ്വാസങ്ങളില്‍ നിന്ന് എത്ര ദൂരം അകലുന്നോ അത്രയധികം അവന്‍ ദൈവത്തോടടുക്കുന്നു.
എത്ര അഗാധമായി തന്നില്‍ ത്തന്നെ ഇറങ്ങി സ്വന്ത ദൃഷ്ടിയില്‍ എത്ര അധികം ഹീനനാകുന്നോ അത്രയധികം അവന്‍ ദൈവത്തിങ്കലേക്കു ഉയര്‍ന്നു കയറുകയും ചെയ്യും.

2. തനിക്കു വല്ല നന്മയും ഉണ്ടെന്നു വിചാരിക്കുന്നവന്‍ പ്രസാദവരം തന്നിലേയ്ക്കു വരാതെ തടുക്കുന്നു. എന്തുകൊണ്ടെന്നാല്‍ പരിശുദ്ധാത്മാവിന്റെ ദാനം എല്ലാപ്പോഴും വിനീതമായ ഹൃദയത്തെയാണ് അന്വേഷിക്കുന്നത്.
നിന്നെത്തന്നെ പൂര്‍ണ്ണമായി ഇല്ലായ്മപ്പെടുത്താനും എല്ലാ സൃഷ്ടികളോടുമുള്ള സ്നേഹത്തില്‍ നിന്നു വിരമിക്കാനും നിനക്കറിയാമെങ്കില്‍ ഞാന്‍ നിന്നിലേയ്ക്കു ധാരാളമായ പ്രസാദവരത്തോടുകൂടെ വരേണ്ടിയിരുന്നു.
നീ സൃഷ്ടികളില്‍ ദൃഷ്ടി പതിക്കുമ്പോള്‍ സ്രഷ്ടാവു തന്റെ ദൃഷ്ടി നിന്നില്‍ നിന്നു പിന്‍വലിക്കുന്നു.
സ്രഷ്ടാവിനുവേണ്ടി സകലത്തിലും നിന്നെത്തന്നെ ജയിക്കാന്‍ പഠിക്ക; അപ്പോള്‍ നിനക്കു ദൈവികജ്ഞാനം പ്രാപിക്കാന്‍ സാധിക്കും.
നീ ഒരു വസ്തുവിനെ, അതു തീരെ അല്പം മാത്രമാണെങ്കിലും ക്രമത്തിലധികം സ്നേഹിക്കുന്നതും ശ്രദ്ധിക്കുന്നതും പരമനന്മയില്‍ നിന്നു നിന്നെ പിന്മാറ്റി നിന്റെ ആത്മാവിനെ വഷളാക്കും.


 


 


- മിശിഹാനുകരണം, മൂന്നാം പുസ്തകം അധ്യായം 42-ല്‍ നിന്ന് അടര്‍ത്തിയെടുത്ത ഏതാനും വചനങ്ങള്‍