ശുശ്രൂ: മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്റെ തിരുനാമത്തിനു സ്തുതി. നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: കരുണയുള്ള കര്‍ത്താവേ, കരയുന്നവര്‍ നിന്നെ വിളിക്കുകയും സങ്കടപ്പെടുന്നവര്‍ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാല്‍ നിന്റെ ദാസനെ ആശ്വസിപ്പിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.
സമൂ: ആമ്മേന്‍
(മല്‍ക്കാ മിശിഹാ...)
കര്‍ത്താവേ, നീയണയുമ്പോള്‍
കരുണയൊടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ.
കര്‍ത്താവേ, നിന്നെ ഞാനാശ്രയിച്ചു
നാരാധിച്ചുവണങ്ങുന്നു.
അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം
രക്ഷയുമുയിരും നല്‍കുന്നു.
ആകാശവും ഭൂമിയും നിന്റേതാകുന്നു
താവകമല്ലോ കര്‍ത്താവേ
ജീവിക്കുന്നവനഭയം നീ
നല്‍കണമേ മൃതനായുസ്സും.
അവരാനന്ദകീര്‍ത്തനങ്ങള്‍ പാടും
മായ്ക്കണമേ, നിന്‍ കൃപയാലേ:
മാമ്മോദീസാ വഴിയങ്ങേ
സുതരാണവരെന്നോര്‍ക്കണമേ.
അവന്റെ സന്തോഷത്തില്‍ അവരാനന്ദിക്കും
ദിവ്യശരീരവുമറിവോടെ
ഉള്‍ക്കൊണ്ടവരാം നിന്‍ സുതരേ
നിത്യവിരുന്നില്‍ ചേര്‍ക്കണമേ
അവരിലാരും അവശേഷിച്ചില്ല
വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു.
കാഹളനാദം കേള്‍ക്കുമ്പോള്‍
മൃതരില്‍ ജീവനുദിക്കുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
മൃതനാമെന്നില്‍ കനിയേണം
ജീവന്‍ നല്‍കി മഹോന്നതമാം
പ്രഭയുടെ നാട്ടില്‍ ചേര്‍ക്കേണം.
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍
തിരുമിഴിയെല്ലാം കാണുന്നു
നിരവധിയാമെന്‍ പാപങ്ങള്‍
നിരയായെണ്ണി വിധിക്കല്ലേ.
ശുശ്രൂ: നമ്മുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: കര്‍ത്താവേ, നിന്റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യുമാറാകട്ടെ. മഹനീയമായ നിന്റെ ത്രിത്വത്തിന്റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.
കാര്‍മ്മി: കര്‍ത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യര്‍ഹനാകുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും നീയാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമ്മേന്‍
{tab കുര്‍ബ്ബാന കഴിഞ്ഞ ഉടനെയാണെങ്കില്‍}
കാര്‍മ്മി: കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമൊടെ ദാസന്‍ ചെയ്യും
ബലിയെന്‍നാഥാ
തിരുസ്സന്നിധിയില്‍
സമൂ: കൈക്കൊള്ളണമേ...
കാര്‍മ്മി: പൂര്‍വ്വന്മാരാം നോഹ്‍അബ്രാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയര്‍ തന്‍
പരിപാവനമാം ബലികള്‍ പോലെ.
സമൂ: കൈക്കൊള്ളണമേ...
കാര്‍മ്മി: പുരുവത്സലരാം ശ്ലീഹരുമൊരുപോല്‍
വിനയാന്വിതരായ് തവസന്നിധിയില്‍
ചെയ്തൊരു നവമാം ബലിപോല്‍ നാഥാ
സമൂ: കൈക്കൊള്ളണമേ...
{tab മറ്റവസരങ്ങളില്‍}
കാര്‍മ്മി: ഉന്നതനൃപനാം മിശിഹാനാഥാ,
മൃതരെല്ലാരും മിന്നിവിളങ്ങും വദനമൊടുണരാന്‍
വരമരുളേണം
സമൂ: ഉന്നതനൃപനാം...
കാര്‍മ്മി: വിധിയുടെ നാളില്‍
വിജയപ്രഭയില്‍ വിണ്ടലമെങ്ങും
പൊങ്ങിമുഴങ്ങും കാഹളനാദം പൂജിതമല്ലോ
സമൂ: ഉന്നതനൃപനാം...
കാര്‍മ്മി: അന്ത്യമെഴാത്തോരവികലമോദം
നുകരാന്‍ മൃതരെ
മഹിമാവൊഴുകും മണവറയിങ്കല്‍ ചേര്‍ക്കണമീശോ.
സമൂ: ഉന്നതനൃപനാം...
{/tabs}
ശുശ്രൂ: അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനെ, നിന്റെ തിരുനാമത്തിനു സ്തുതി.
അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു.
കര്‍ത്താവേ എന്റെ ശബ്ദം കേള്‍ക്കണമേ.
എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ.
എന്തുകൊണ്ടെന്നാല്‍ പാപമോചനം നിന്റെ പക്കല്‍ നിന്നാകുന്നുവല്ലോ.
കര്‍ത്താവില്‍ ഞാന്‍ ശരണപ്പെടുന്നു.
എന്റെ പ്രതീക്ഷ അവന്റെ വാഗ്ദാനത്തിലാകുന്നു.
പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ ഇസ്രായേലും കര്‍ത്താവിനെ കാത്തിരിക്കുന്നു.
പൂര്‍ണ്ണമായ രക്ഷയും അവന്റെ പക്കലാകുന്നു.
ഇസ്രായേലിനെ അതിന്റെ പാപങ്ങളില്‍ നിന്നെല്ലാം അവന്‍ രക്ഷിക്കും.
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍
ശുശ്രൂ: അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനെ നിന്റെ തിരുനാമത്തിനു സ്തുതി. നമ്മുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്റെ ദാസനെ (ദാസിയെ) വിളിക്കുകയും, നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.
കാര്‍മ്മി: കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്‍വ്വം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്‍വ്വം പരിപാലിക്കേണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ ജീ മഹിമയോടുകൂടെ ഉയിര്‍പ്പിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.
കാര്‍മ്മി: സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്റെ കുരിശിന്റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കവറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കു ഞങ്ങളുടെ ഈ സഹോദരനെ (സഹോദരിയെ) നീ സ്വീകരിക്കേണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
സമൂ: ആമ്മേന്‍