(തീര്‍ത്ഥയാത്രകള്‍ , പഠനയാത്രകള്‍ , വിനോദയാത്രകള്‍ തുടങ്ങിയവയുടെ ആരംഭത്തില്‍ നടത്തുന്നതിനുള്ള പ്രാര്‍ത്ഥനകളാണ് താഴെ കൊടുക്കുന്നത്. ഒരാള്‍ മാത്രം അങ്ങനെ യാത്ര പുറപ്പെടുമ്പോള്‍ , കുടുംബാംഗങ്ങളോ സമൂഹമോ ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നെങ്കില്‍ , അതനുസരിച്ച് പ്രാര്‍ത്ഥന ക്രമപ്പെടുത്തേണ്ടതാണ്. ഉചിതമെങ്കില്‍ , തോബിയാസിന്റെ പുസ്തകത്തിലെ 5:16-21 ഭാഗമോ തത്തുല്യമായ വിശുദ്ധഗ്രന്ഥഭാഗങ്ങളോ വായിക്കുന്നതും ലഘുവ്യാഖ്യാനം നടത്തുന്നതും നന്നായിരിക്കും)
ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പിതാവായ ദൈവത്തിന്റെ നിരന്തരമായ സഹായവും, ഞങ്ങളുടെ സഹോദരനും ദൈവത്തിന്റെ ഏകജാതനുമായ ഈശോമിശിഹായുടെ കൂട്ടുകെട്ടും, ജീവദായകനായ റൂഹാദക്കുദിശായുടെ സഹവാസവും ഈ യാത്രയില്‍ ഞങ്ങളോടുകൂടി ഉണ്ടാവുകയും, എല്ലാ ഉപദ്രവങ്ങളിലും അപകടങ്ങളിലും നിന്ന് ഞങ്ങള്‍ രക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഈജിപ്തില്‍ യൗസേപ്പിനോടുകൂടിയും സിംഹക്കൂട്ടില്‍ ദാനിയേലിനോടുകൂടിയും യാത്രാമദ്ധ്യേ തോബിയാസിനോടുകൂടിയും ബേത്‍ലഹേമിലേക്കു പോയിരുന്ന യൗസേപ്പിനോടും മറിയത്തോടുംകൂടിയും ഉണ്ടായിരുന്ന കൃപാപൂര്‍ണ്ണനായ ദൈവമേ, ഞങ്ങളുടെ ഈ യാത്രയുടെ ഭാരവും ക്ലേശവും കുറയ്ക്കുകയും, ക്ഷമാപൂര്‍വ്വം സന്തുഷ്ട ചിത്തരായി ഈ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യണമേ. നീ നിരന്തരം ഞങ്ങളുടെ രക്ഷകനും സംരക്ഷകനുമായിരിക്കുകയും ഈ യാത്രയുംടെ അന്ത്യം പൂര്‍ണ്ണമായി കണ്ടെത്തുന്നതിന് ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. മനുഷ്യകുലത്തിന്റെ ഉത്തമ സ്നേഹിതാ, ഞങ്ങള്‍ പോകുന്നിടത്തെല്ലാം അനുകൂലമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനും ഞങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി തൃപ്തിയോടും സന്തോഷത്തൊടും കൂടി തിരിച്ചെത്തുന്നതിനും ഞങ്ങള്‍ക്കിടയാകട്ടെ. നിന്റെ പരിശുദ്ധനാമത്തിനു ഞങ്ങള്‍ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.