ഉല്‍ക്കണ്ഠകള്‍ ദൈവത്തില്‍ സമര്‍പ്പിക്കണം

മിശിഹാ- മകനെ, എന്റെ ഇഷ്ടം പോലെ നിന്നോടു ചെയ്യാന്‍ സമ്മതിക്കുക; നിനക്ക് ഏറ്റവും നല്ലതെന്തെന്നെനിക്കറിയാം.
നീ മനുഷ്യന്‍ വിചാരിക്കുന്നതുപോലെ വിചാരിക്കുന്നു; പലതിലും മനുഷ്യസ്നേഹം തോന്നിക്കുന്നതുപോലെ നീ വിധിക്കുന്നു.


ശിഷ്യന്‍- തിരുനാഥാ, നീ അരുളിച്ചെയ്യുന്നതു പരമാര്‍ത്ഥമാണ്. എനിക്കു എന്നെപ്പറ്റിയുണ്ടാകാവുന്ന ശ്രദ്ധ മുഴുവനെയുംകാള്‍ വലുതാണു നിനക്കു എന്നെപ്പറ്റിയുള്ള ശ്രദ്ധ.




ആകയാല്‍ തന്റെ ചിന്താകുലത എല്ലാം നിന്നില്‍ സമര്‍പ്പിക്കാത്തവന്റെ നില വലിയ അപകടത്തിലാണ്.
തിരുനാഥാ, നിനക്കിഷ്ടമുള്ളതുപോലെ എന്നോടു ചെയ്തുകൊള്ളുക; എന്റെ മനസ്സു ചൊവ്വുള്ളതും നിന്നില്‍ ഉറച്ചതും ആയിരുന്നാല്‍ മതി.
നീ എന്നോട് ചെയ്യുന്നതെല്ലാം നന്മയാകാതിരിക്കാന്‍ നിവൃത്തിയില്ല.
ഞാന്‍ ഇരുട്ടില്‍ ആയിരിക്കണമെന്നു നീ തിരുമനസ്സാകുന്നെങ്കില്‍ നിനക്കു സ്തുതി. എന്നാല്‍ ഞാന്‍ വെളിച്ചത്തില്‍ ആയിരിക്കണമെന്നു നീ തിരുമനസ്സാകുന്നെങ്കില്‍ വീണ്ടും നിനക്കു സ്തുതി ഉണ്ടായിരിക്കട്ടെ. എനിക്കു ആശ്വാസം തരുന്നെങ്കില്‍ നിനക്കു സ്തുതിയായിരിക്കട്ടെ എനിക്കു കലക്കങ്ങള്‍ ഉണ്ടാകണമെന്നാണു നിന്റെ തിരുമനസ്സെങ്കില്‍ അതു പോലെതന്നെ എപ്പോഴും നിനക്കു സ്തുതിയുണ്ടായിരിക്കട്ടെ.

മിശിഹാ- 2. മകനേ, എന്റെ കൂടെ നടക്കണമെങ്കില്‍ നീ ഇങ്ങനെ ആയിരിക്കണം.
സന്തോഷിക്കുന്നതിന് എങ്ങനെയോ സഹിക്കുന്നതിനും അങ്ങനെ ഒരുങ്ങിയിരിക്കണം. ക്ഷേമമുള്ളവനും സമ്പന്നനും ആകുന്നതുപോലെ സന്തോഷപൂര്‍വ്വം നിര്‍ദ്ധനനും അഗതിയും ആകണം.
ശിഷ്യന്‍ - തിരുനാഥാ, എനിക്കു നേരിടണമെന്നു നീ തിരുമനസ്സാകുന്നതെല്ലാം നിന്നെപ്രതി ഞാന്‍ സന്തോഷപൂര്‍വ്വം സഹിക്കാം.
നിന്റെ കൈയില്‍ നിന്നു നന്മയും തിന്മയും, മധുരവും കയ്പും, സന്തോഷവും സന്താപവും ഞാന്‍ ഒരുപോലെ സ്വീകരിക്കയും എനിക്കു സംഭവിക്കുന്നവയ്ക്കെല്ലാം വേണ്ടി നിനക്കു സ്തോത്രം അര്‍പ്പിക്കയും ചെയ്യുന്നതിനു മനസ്സാകുന്നു.
എന്നെ എല്ലാ പാപത്തില്‍ നിന്നും കാത്തുകൊള്ളണമേ. ഞാന്‍ മരണത്തെയോ നരകത്തെയോ ഭയപ്പെടുകയില്ല.
നീ നിത്യമായി എന്നെ തള്ളിക്കളയുകയോ ആയുസ്സിന്റെ പുസ്തകത്തില്‍നിന്ന് എന്റെ പേരു നീക്കിക്കളയുകയോ ചെയ്യാതിരിക്കുന്നിടത്തോളം കാലം എനിക്കുപദ്രവകരമായിരിക്കയില്ല.


 


- മിശിഹാനുകരണം, മൂന്നാം പുസ്തകം അധ്യായം 17-ല്‍ നിന്ന് അടര്‍ത്തിയെടുത്ത ഏതാനും വചനങ്ങള്‍