വാക്ശരങ്ങളില്‍ ദൈവാശ്രയം

മിശിഹാ: മകനേ, ഉറപ്പായി നിന്ന് എന്നെ ആശ്രയിക്കുക. എന്തെന്നാല്‍, വാക്കുകള്‍ വാക്കുകളല്ലാതെ പിന്നെ എന്താണ്‌?


അവ വായുവില്‍ക്കൂടി പറക്കുന്നു; എന്നാല്‍ ഒരു പുല്ലിനു പോലും ഉപദ്രവം വരുത്തുന്നില്ല.


നീ കുറ്റക്കാരനാനെങ്കില്‍ നിന്നെത്തന്നെ നീ തിരുത്തുമെന്നു സന്തോഷപൂര്‍വ്വം തീര്‍ച്ച ചെയ്യുക. നിന്റെ മനസ്സാക്ഷി ഒരു കുറ്റവും ആരോപിക്കുന്നില്ലെങ്കില്‍ ഈ വാക്ക് ദൈവത്തെപ്രതി സന്തോഷപൂര്‍വ്വം ക്ഷമിക്കുമെന്നു വിചാരിക്ക.



 


കഠിനമായ ചമ്മട്ടിയടികള്‍ സഹിക്കാന്‍ നിനക്ക് ഇതുവരെ ധൈര്യമില്ലെങ്കില്‍ ചിലപ്പോഴൊക്കെ കഠിനവാക്കുകളെങ്കിലും സഹിക്കുന്നത് അത്ര വലിയ കാര്യമല്ല.


നീ ഇപ്പോഴും ജഡപ്രിയനും വേണ്ടതിലധികം മനുഷ്യരെ കാര്യമായി ഗണിക്കുന്നവനും ആകകൊണ്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്‌ ഇത്ര നിസ്സാരമായവ നിന്റെ ഹൃദയത്തില്‍ തട്ടുന്നത്?


നിനക്ക് അവമാനത്തെ ഭയമാകയാലാണ്‌ നിന്റെ കുറ്റങ്ങള്‍ക്കായി നിന്നെ ശാസിക്കുന്നതില്‍ ഇഷ്ടമില്ലാതിരിക്കുന്നതും ഒഴികഴിവുകളുടെ മറതേടാന്‍ നോക്കുന്നതും.


എന്നാല്‍ നിന്നെത്തന്നെ നല്ലപോലെ പരിശോധിക്കുക; ലോകവും മനുഷ്യരെ പ്രസാദിപ്പിക്കാനുള്ള വ്യര്‍ത്ഥമായ ആഗ്രഹവും ഇന്നും നിന്നില്‍ ജീവിക്കുന്നു എന്നു നിനക്കു മനസ്സിലാകും.


എന്തുകൊണ്ടെന്നാല്‍ നിന്റെ കുറ്റങ്ങളെക്കുറിച്ചു നിന്നെ എളിമപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതും നിനക്കിഷ്ടമില്ലാത്തതുകൊണ്ടു നീ യഥാര്‍ത്ഥത്തില്‍ എളിമയുള്ളവനല്ലെന്നും, ലോകത്തിന്റെ ദൃഷ്ടിയില്‍ ലോകം കുരിശില്‍ തൂങ്ങിയതുമല്ലെന്നും സ്പഷ്ടം തന്നെ.


എന്നാല്‍ എന്റെ വാക്കുകള്‍ കേള്‍ക്ക, അപ്പോള്‍ മനുഷ്യരുടെ പതിനായിരം വാക്കുകള്‍ പോലും നീ വകവയ്ക്കയില്ല.


കണ്ടാലും, പരമദുഷ്ടമായ വിധത്തില്‍ സങ്കല്പിക്കാന്‍ കഴിയുന്നതെല്ലാം നിനക്കെതിരായി പറഞ്ഞാലും നീ ഒന്നും വകവയ്ക്കാതെ അവ കടന്നുപൊയ്ക്കൊള്ളട്ടെ എന്ന് നിനക്കയും വൈയ്ക്കോലിനെക്കാള്‍ കാര്യമായി അവയെ ഗണിക്കാതിരിക്കയും ചെയ്താല്‍ അവ നിനക്ക് എന്ത് ഉപദ്രവം വരുത്തും?


നിന്റെ തലയിലെ ഒരു രോമം പോലും പിഴുതുകളയാന്‍ അവയ്ക്കു കഴിയുമോ?


എന്നാല്‍ ഉള്ളില്‍ ഹൃദയത്തിന്റെ അടക്കവും, ദൃഷ്ടിയില്‍ ദൈവവും ഇല്ലാത്തവന്‍ നിന്ദാ വചനങ്ങള്‍ കേട്ടാല്‍ എളുല്ലം ഇളകിപ്പോകുന്നു.


എന്നാല്‍ എന്നെ ആശ്രയിക്കയും, സ്വന്ത വിധിപ്രകാരം നില്‍ക്കാന്‍ ആഗ്രഹിക്കാതിരിക്കയും ചെയ്യുന്നവന്‍ മനുഷ്യരെപ്പറ്റിയുള്ള ഭയമില്ലാതെ ജീവിക്കും.


ആകയാല്‍ എല്ലാ വിധിയിലും എന്റെ അടുക്കലേയ്ക്ക് ഓടിവരണം. സ്വന്തം ഹിതത്തെ ആശ്രയിക്കയുമരുത്.


ദൈവത്തില്‍ നിന്നും തനിക്ക് എന്തു സംഭവിച്ചാലും നീതിമാന്‍ ഇളകുകയില്ല.


- മിശിഹാനുകരണം, മൂന്നാം പുസ്തകം അധ്യായം 46-ല്‍ നിന്ന് അടര്‍ത്തിയെടുത്ത ഏതാനും വചനങ്ങള്‍